വീണ്ടും ഒരു "മേയ് 1" കൂടി കടന്നുപോകുന്നു. തൊഴിൽ സമയം 8 മണിക്കൂറായി നിജപ്പെടുത്തണം എന്നാവശ്യപ്പെട്ട് 1886 മെയ് 1ന് തൊഴിലാളികൾ അമേരിക്കൻ തെരുവുകളെ നിശ്ചലമാക്കിയപ്പോൾ അത് പുതിയ ഒരു തൊഴിൽ സംസ്കാരത്തിനുവേണ്ടിയുള്ള മുറവിളിയായിരുന്നു. 1923 - ൽ നമ്മുടെ ഭാരത മണ്ണിലും തൊഴിലാളി ദിനം ആചരിക്കുകയുണ്ടായി. കാലമിന്ന് ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ഇന്ന് നമ്മുടെ നാട്ടിൽ മാറിമാറി വരുന്ന സർക്കാരുകൾ സ്പെഷ്യൽ ഇക്കണോമിക്ക് സോണുകളനുവദിച്ചും. ഭ്രാന്തമായ രീതിയിൽ തൊഴിൽ നിയമങ്ങളെ ഇല്ലാതാക്കാൻ മത്സരിക്കുന്ന ക്രോണിക് ക്യാപിറ്റലിസ്റ്റുകൾക്ക് തൊഴിൽ നിയമങ്ങളിൽ ഇളവുകൾ നൽകി അധികാര കസേരകളിൽ അമർന്നിരുന്ന് ചിരി തൂകുന്നു. നിലവിലുള്ള നയങ്ങളിലും നിയമങ്ങളിലും വെള്ളം ചേർത്ത് തൊഴിലാളി വർഗ്ഗത്തെ സർക്കാർ തന്നെ പീഡിപ്പിക്കുമ്പോൾ, തൊഴിൽ ഇടങ്ങളിലെ പ്രകടനം വിലയിരുത്തി വേതനം നിശ്ചയിച്ചും അനാരോഗ്യകരമായ തൊഴിൽ സമയക്രമത്തിലൂടെയും തൊഴിലാളികൾ ഐക്യപ്പെടാതിരിക്കാൻ തൊഴിൽദാതാക്കളും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു.