ആചാരമാകുന്ന മേയ് ദിനങ്ങൾ

കാലമിന്ന് ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ഇന്ന് നമ്മുടെ നാട്ടിൽ മാറിമാറി വരുന്ന സർക്കാരുകൾ സ്പെഷ്യൽ ഇക്കണോമിക്ക് സോണുകളനുവദിച്ചും. ഭ്രാന്തമായ രീതിയിൽ തൊഴിൽ നിയമങ്ങളെ ഇല്ലാതാക്കാൻ മത്സരിക്കുന്ന ക്രോണിക് ക്യാപിറ്റലിസ്റ്റുകൾക്ക് തൊഴിൽ നിയമങ്ങളിൽ ഇളവുകൾ നൽകി അധികാര കസേരകളിൽ അമർന്നിരുന്ന് ചിരി തൂകുന്നു. നിലവിലുള്ള നയങ്ങളിലും നിയമങ്ങളിലും വെള്ളം ചേർത്ത് തൊഴിലാളി വർഗ്ഗത്തെ സർക്കാർ തന്നെ പീഡിപ്പിക്കുമ്പോൾ, തൊഴിൽ ഇടങ്ങളിലെ പ്രകടനം വിലയിരുത്തി വേതനം നിശ്ചയിച്ചും അനാരോഗ്യകരമായ തൊഴിൽ സമയക്രമത്തിലൂടെയും തൊഴിലാളികൾ ഐക്യപ്പെടാതിരിക്കാൻ തൊഴിൽദാതാക്കളും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഇതിനെതിരെ ശബ്ദമുയർത്തേണ്ട തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രവർത്തനം മേയ് ദിനത്തിലെ പോസ്റ്റർ പതിക്കലും റാലിയിലും മാത്രമായി ഒതുങ്ങുന്നു. തൊഴിലാളി പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടതിന്റെ തെളിവുകളായിരുന്നു മൂന്നാറിലെ സ്ത്രീ തൊഴിലാളി മുന്നേറ്റങ്ങൾ ( പെമ്പിളൈ ഒരുമൈ) മുതൽ രാജ്യത്തിന്റെ പല ഭാഗത്തും ഇന്ന് അരങ്ങേറുന്ന കർഷക തൊഴിലാളി സമരങ്ങൾ വരെ.
സന്തോഷത്തോടെയും സംതൃപ്തിയോടെയും പണിയെടുക്കുന്ന തൊഴിലാളികളാണ് സ്ഥാപനത്തിന്റെ സമ്പത്ത് എന്ന് തിരിച്ചറിയാത്തിടത്തോളം കാലം ചൂഷണം തുടരും. തൊഴിലാളിയുടെ ക്ഷേമം ഒരു ചടങ്ങായിക്കാണാതെ അത് കടമയായി കാണുന്ന സർക്കാരുകളും തൊഴിലാളി യൂണിയനുകളും ആണ് ഉണ്ടാവേണ്ടത്, അന്ന് പരാതികളില്ലാത്ത തൊഴിലിടങ്ങൾ ശൃഷ്ടിക്കപ്പെടും. 1886 മേയ് 1-ന് തുടങ്ങിയ തൊഴിലാളി മുന്നേറ്റം മൂന്ന് ദിനങ്ങൾക്ക് ശേഷം മേയ് 4-ന് ഒരു ദുരന്തമായി മാറി അന്ന് ചിക്കാഗോയിലെ ഹെയ് മാർക്കറ്റ് സ്ക്വയറിൽ തളംകെട്ടിയ തൊഴിലാളി രക്തം ഇന്നും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ലക്ഷ്യം നേടിയെടുത്തിട്ടില്ല.- അനൂപ് ശിവശങ്കരപിള്ള
Comments
Post a Comment