Posts

Showing posts from November, 2017

നാടുവിട്ട മരണം

Image
കുറെ നാളായി ജീവന് മരണത്തോട് ഒടുക്കത്തെ പ്രണയം ഒടുവിലവർ എനിക്ക് ജീവന്റെ മുകളിലുള്ള അധികാരങ്ങളെ ധിക്കരിച്ച് ഒളിച്ചോടുമെന്നായി വാശി, അല്ലാണ്ടെന്താ... വാശികടുത്തപ്പോൾ ഇന്നലെ രാത്രി ഞാൻ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ മോഹങ്ങളിലൊന്നിന്റെ കൂടുപൊട്ടിച്ച് ഒരു മോഹഗുളിക വിഴുങ്ങി ആഹാ!!! എന്തൊരു മനസമാധാനം ജീവിന്റെ പ്രണയവും ''പൊട്ടി" മോഹിനിയായ മോഹത്തെ കവർന്നുകൊണ്ട് മരണം നാടും വിട്ടു. --- അനൂപ് ശിവശങ്കരപ്പിള്ള 

തൂക്കിലേറ്റിയ പ്രണയം

Image
അഭിനയനിപുണതയോടൊപ്പം പ്രണയം ഒളിച്ചോടുന്നത് "കണ്ടുനിന്ന" മുടന്തൻകാലം ഇന്നെന്റെ കതകിൽ മുട്ടി ചിരിയോടെ അകത്തേക്ക് ക്ഷണിച്ച എന്റെയൊപ്പം കൂടാരം കയറിയ കാലം എനിക്കൊരു ചോദ്യോപഹാരം വെച്ചുനീട്ടി. പുഞ്ചിരി വിടാതെ "അഭിനയസിദ്ധിയില്ലാത്തതിൽ അഭിമാനം " എന്ന് മറുപടിയോതി. "ഒരു മനുഷ്യജീവിയെ കിട്ടിയെന്ന്" വിളിച്ചുകൂവിക്കൊണ്ട് കാലം മുടന്തി വെളിയിലേക്കോടി ഇതുകേട്ട് തുറന്നുകിടന്ന മുറിയിലേക്കിരച്ചുകയറിയ കാറ്റും വെളിച്ചവും എന്റെ ഡയറിയുടെ താളുകൾ മറിച്ചുകൊണ്ടെന്നോട് ചോദിച്ചു പ്രണയമില്ലേ? വാതിൽപ്പടികടന്ന് വെളിച്ചത്തേക്കിറങ്ങി നിന്നുകൊണ്ട് ഞാൻ പ്രകൃതിയോട് മൊഴിഞ്ഞു. പ്രണയമുണ്ടായിരുന്നെന്നിൽ പക്ഷേ അഭിനയം വശമില്ലാത്തതിനാൽ "അവർ തൂക്കിലേറ്റി " --- അനൂപ് ശിവശങ്കരപ്പിള്ള

ഫാസിസ്റ്റ് കബന്ധങ്ങൾ

Image
വിഗ്രഹാരാധനകളുടെ നിഴൽ ചാഞ്ഞ മൺപാതയിൽ പിഴയ്ക്കും അരിക് ജീവിതങ്ങളെ എഴുത്തിന് വിലക്കുള്ളൊരു നാട്ടിൽ, പിറക്കാൻ 'പ്രിവിലേജ് ' വേണ്ടൊരു ദേശത്ത്, മിണ്ടാൻ 'പാസ്പോർട്ട് ' വേണ്ടൊരു കാലത്ത് എന്തിനീ ആരാധനയുടെ ചങ്ങല നിങ്ങടെ ദേഹത്ത് പൊട്ടിച്ചെറിയുക ഉരുക്കുവടങ്ങൾ മനസ്സിലേന്തുക ഗുരുതന്നൊരക്ഷരക്കൂട്ടുകൾ ചൂടുള്ള വാക്കുകൊണ്ട് തീകൊളുത്തുക ഫാസിസ്റ്റ് കേളീ വിപിനങ്ങൾക്ക് വീരരേ അവരുടെ വർഗ്ഗീയ കബന്ധങ്ങൾ വേട്ടയ്ക്കിറങ്ങുമുൻപേ അക്ഷരങ്ങൾ കൊണ്ടൊരു ചിതയൊരുക്കൂ നിങ്ങളെനിക്കായി എന്നിൽ ഉൾചേർന്നൊരാ ധാർമ്മിക ബിംബം സ്വതന്ത്രമാവട്ടെ. --- അനൂപ് ശിവശങ്കരപ്പിള്ള