തിരശ്ശീലയും വേഷങ്ങളും




വിഷം തുപ്പും കരിവേഷങ്ങളാർത്തലറുന്ന ധ്വനികളിൽ വിറയ്ക്കും ദിക്കിന്റെ ചുവരുകൾ

പച്ചയും കത്തിയും കൂർത്ത് മൂർത്ത നഖങ്ങൾ കൊണ്ട് ചീന്തിയെറിഞ്ഞൊരാ രാഗഭംഗിയേ


നനുത്ത കുഞ്ഞുചുണ്ടിൻ വിശപ്പടക്കാനാകാതെ മാതൃമാറിടങ്ങൾ ചിതയിലഭയം തേടുന്നോരു കാലമിത് കലികാലം


പദങ്ങൾക്കൊത്തു ചലിച്ച പാദങ്ങളിവിടെ ആത്മാവ് വിട്ടൊഴിഞ്ഞ് അറവുകത്തിപോൽ ചത്തമാംസം പുൽകിയണയുന്നു

ചമയ ചായങ്ങളഴിച്ച ആട്ടക്കാരനാട്ട വിളക്കിന്റെ കുത്തേറ്റുവീണ രംഗമിത്


ആട്ടത്തിനെത്താൻ വൈകിയോരിരുപേരിലൊരുവൻ ആട്ടവിളക്കിൻ നാളത്തിൽ ചാരമായൊളിച്ചു


അവസാനത്തവനൊരുവൻ താടിവേഷഭൂഷാധികളോടെ ദേവന് ദാഹമടക്കിയ കിണറ്റിൽ ജലസമാധിയായി ഉറവയുടെ വേരുകളിൽ കറുപ്പിൻ നിധി കുംഭമായി


ആട്ടക്കയത്തിൻ വക്കിലിരുന്നാപകർന്നാട്ടമത്രയും കണ്ട പ്രേക്ഷക പ്രമുഖരെ


കഥകളി തിരശ്ശീലയ്ക്ക് തീപിടിച്ചിനിയെങ്കിലും നടുനിവർത്തൂ


പ്രഭോ രംഗമിവിടെ ജീവസ്സ് ഹോമിച്ച മാതൃഹൃദയം. നൽകൂ ആറടി മണ്ണിനി അങ്ങയുടെ കൊടിമരച്ചുവട്ടിൽ അടിയനിനിയെങ്കിലും നിത്യശാന്തി പുൽകട്ടെ.

--- അനൂപ് ശിവശങ്കരപ്പിള്ള



Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി