Posts

Showing posts from October, 2017

അശോക ചകോരം

Image
അലസമായോരെന്റെ നീർമാതളപ്പൂക്കളുടെ കൊമ്പിൽ വന്നിരുന്ന അശോകപ്പക്ഷി എനിക്ക് തന്നൊരോലക്കീറുണ്ട്. പ്രണയം, പ്രണയമെന്നാരുപാട് സ്വകാര്യമായാരോ എഴുതിയോരോലക്കീറ് എന്റെ ഏകാന്തതയുടെ ചൂടിലുരുകിയകന്ന പ്രണയഭാവങ്ങളെ, ആവശ്യമില്ലിനി നിങ്ങൾക്കൊരു പിൻനടത്തവും, അശോകചകോരത്തിന്റെ അനുരാഗഗീതവും നടക്കണം കാതമൊരുപാട് എനിക്കിനിയും, വിമോചന വിപ്ലവങ്ങൾക്കൊപ്പം ചേരണം ഒടുവിലൊരു രക്തസാക്ഷിയായി മൃതിയെ വിജയിക്കണം പ്രണയമേ..... --- അനൂപ് ശിവശങ്കരപ്പിള്ള 

അച്ഛന്റെ കഥയിലെ പാലമരം

Image
എന്റെ ഓർമ്മകളുടെ മൺപാത നടന്നെത്തിയാലൊരുതെച്ചിക്കാടുണ്ടതിന്റെ നടുവിലൊരുമൂർത്തിക്കാവും സിന്ദൂരത്തിലാറാടി നിൽക്കുന്നൊരെന്റെ ആത്മമൂർത്തിയ്ക്ക് പിന്നിലുണ്ടൊരു ചാന്ദ്രശോഭയേറും പൂക്കൾ വിടരുമൊരു പാലമരം ആ പാലമരത്തിലെ സുഗന്ധമില്ലാപൂക്കളാണെന്റെ മിഴിനീരിൽ കുതിർന്ന നഷ്ടസ്വപ്നങ്ങൾ. മണ്ണടിഞ്ഞോരച്ഛൻ ഒരിക്കലോതിയെന്നോടിഞ്ഞനെ ''യക്ഷി ഗന്ധർവാധികളുള്ളൊരു പാലമരത്തിലെ പൂക്കൾ കൊഴിയാറില്ലോമനേ" അച്ഛന്റെ വാക്കുകളിലെ പാലമരംപോൽ കൊഴിയാറില്ല എന്നിലെ പൂമരത്തിലെ ധവളസ്വപ്നപുഷ്പങ്ങളും. --- അനൂപ് ശിവശങ്കരപ്പിള്ള

യക്ഷി പറഞ്ഞ കഥ

Image
യക്ഷിയാണെന്നറിയാതെ ഞാനോളോടൊരു കഥ മൊഴിയാൻ പറഞ്ഞു. അവൾ ഒരു കഥ മെല്ലേ പറഞ്ഞു തുടങ്ങി ഓളൊരെക്ഷിയായ കഥ. കഥ കഴിഞ്ഞപ്പോൾ ഞാനുമില്ല നീയുമില്ല ഒടുവിലോളുടെ വെളിച്ചത്തിന് പിൻപറ്റി ഞാൻ നടന്നു എന്റെ വെളിച്ചം എന്നെ പിൻപറ്റിയും. --- അനൂപ്‌ ശിവശങ്കരപ്പിള്ള 

ചിലമ്പോർമ്മകൾ

Image
മരണമില്ലാത്ത ഭ്രാന്താണെനിക്കെന്റെ ചിലമ്പോർമ്മകൾ. അന്നൊരാൽമരച്ചുവട്ടിൽ ചിതറിത്തെറിച്ചൊരു മൂകമാം സാക്ഷിയാണെനിക്കാ നീറുമേർമ്മകൾ. മരിക്കുന്ന നേരത്തും എന്നെ വിടാതെ ചിറ്റിപ്പിടിക്കുമെന്നിക്കുറപ്പുള്ള പ്രണയിനിയാണെനിക്കാ ജീവോർമ്മകൾ. എന്റെ അന്ധമാം ചിലമ്പോർമ്മകൾ മോഹിക്കുന്നതെന്റെ പ്രേത തീരത്ത് പൂക്കും മൃതിപൂക്കളെയല്ലയോ. ഇന്നെനിക്കാ ആത്മനിർവൃതിയുടെ തീരമൊന്ന് കാണണം, പുണരണം, ഉറങ്ങണം. ഒടുവിലൊരു കർക്കിടക ബലികാക്കയായി ഇലച്ചീത്തിലെ പട്ടടച്ചോറുണ്ണണം. നോവുമെന്നോർമ്മകളെ വന്നെ എന്നെയെന്ന് മണ്ണോട് ചേർക്കിനിയെങ്കിലും മരണ നിശബ്ദത നുകരട്ടെ ഞാനാവോളം. --- അനൂപ് ശിവശങ്കരപ്പിള്ള 

എന്റെ പ്രണയത്തിന്

Image
നിന്റെ വിയർപ്പിൽ പൂത്ത പൂക്കളാണ് പ്രിയപ്പെട്ടവളെ ഇന്നും എന്റെ മനസിന്റെ വസന്തം നിന്റെ മുടിത്തുമ്പ് തൊട്ട് നീ എഴുതിയ കാവ്യമാണ് ഇന്നും എന്റെ ജീവഗ്രന്ഥം നീ അന്ന് പകർന്ന് നൽകിയ ചുടുചുംബനങ്ങളാണ് ഇന്നുമെന്റെ സിരകളെ ത്രസിപ്പിക്കുന്നത് നിന്റെ നീര്മിഴിപീലിയിൽ നീ കാത്തുവച്ച എന്നോടുള്ളൊരാ അനുരാഗമൊന്നുകൂടെ നുകരാനെനിക്ക് ഇന്നിന്റെ നിലാരാത്രിയിൽ തിടുക്കമെന്റെ കാർമുകിൽ പെണ്ണാളേ... നിന്നിലെ കാട്ടുചെമ്പകത്തൊടിയിൽ വിരുന്നെത്തുമൊരു രാക്കിളിയുടെ പുതുരാഗമാകട്ടെയോ ഞാൻ പ്രിയതമേ. ----- അനൂപ്‌ ശിവശങ്കരപ്പിള്ള