മുഖമില്ലാത്ത ലക്ഷ്മിയുടെ ജനാല


                  സൂര്യന്റെ അവസാനരശ്മി വിടപറയാൻ കാത്തുനിന്ന സന്ധ്യാനേരത്ത് അവൾ അവന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുകണങ്ങളെ ചുംബിച്ചു കൊണ്ട് മെല്ലെ മൊഴിഞ്ഞു.
ഇനിയെപ്പോഴാണ് ?

എന്തിന്?
തന്റെ നെഞ്ചിൻ കൂടിന് മുകളിൽ തളർന്നുകിടന്ന അവളിലേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ പറഞ്ഞു.

നിനക്കെന്നെ മടുത്തുവേ? അവൾ വിഷമത്തോടെ ചോദിച്ചു

ഒരു ചിത്രശലഭത്തെ തൂത്തെറിയുന്ന ലാഘവത്തോടെ അവളെ പിടിച്ചുമാറ്റി കിടക്കയിൽ നിന്നുമിഴിന്നേറ്റു കൊണ്ട് അയാൾ പരുഷമായി പറഞ്ഞു.
ഞാനിറങ്ങുന്നു...
അവൾ കാത്തു നിൽക്കുന്നുണ്ടാവും.

അയാൾ തന്റെ വസ്ത്രങ്ങൾ ഒന്നൊന്നായി പറക്കിയെടുത്ത് ശരീരത്തിന്റെ നഗ്നതയെ മൂടിവെച്ച് മുറിയുടെ വാതിൽ അലസമായി തുറന്ന് താഴേക്കിറങ്ങിപ്പോയി. തനിക്ക് എന്നും ലോകക്കാഴ്ച്ചകൾ കാട്ടിത്തരുന്ന മുറിയുടെ ജനാലയുടെ ഇഴകളിൽ പിടിച്ചുനിന്ന് ഗേറ്റുതള്ളിത്തുറന്ന് തെരുവിലേക്ക് പോകുന്ന തന്റെ വിയർപ്പുനാറുന്ന പുരുഷശരീരത്തിന്റെ ഉടമയെ അവൾ നോക്കിനിന്നു.

കണ്ണുനീർകണങ്ങൾ കവിളിലേക്ക് ഒഴുകാൻ ശ്രമിച്ചെങ്കിലും നഗരം ചുറ്റിവന്ന വേനൽ കാറ്റ് ആ ജലകണങ്ങളെ നിഷ്ക്കരണം ചിതറിച്ചു കളഞ്ഞു.

പിന്നിലെ ഡോർ തള്ളിത്തുറന്ന് കടന്നുവന്ന സ്ത്രീരൂപം തന്റെ പിന്നിൽ നിലയുറപ്പിച്ചത് അറിഞ്ഞെങ്കിലും ചലനമില്ലാതെ അവൾ തെരുവിന്റെ കാഴ്ച്ചകളെ വിസ്മയത്തോടെ നോക്കിനിന്നു.

സ്ത്രീ രൂപം കടുത്ത സ്വരത്തിൽ പറഞ്ഞു
നീ പോയി കളിച്ചിട്ട് വാ പെണ്ണേ,
അലാസ്ക സ്റ്റാർസിൽ ഇന്നെന്തോ കോൺഫെറൻസോ മറ്റോ നടക്കുന്നുണ്ട് ഒരു മണിക്കൂറിനകം വണ്ടി വരും, നീ പോകണം.

അവൾ അനക്കമില്ലാതെ രാത്രിയുടെ വരവറിയിച്ച് മെല്ലേ തെളിഞ്ഞു തുടങ്ങിയ സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചത്തിൽ വരവരിയായി നടന്നു നീങ്ങുന്ന മനുഷ്യ രൂപങ്ങളെ നോക്കി ചാരിവച്ച ശവം കണക്കെയുള്ള തന്റെ നിൽപ്പ് തുടർന്നു.

ലക്ഷ്മി നീ കേൾക്കുന്നുണ്ടോ...
ഇല്ലയോ...?
സ്ത്രീരൂപം ഒച്ചയെടുത്ത് പറഞ്ഞു.
ലക്ഷ്മിയെന്ന് വിളിക്കാതെ വേശ്യയെന്ന് വിളിക്കൂ, അതാണെനിക്കിഷ്ടം. അവൾ തിരിഞ്ഞു നിന്ന് മൃദുവായി ചിരിച്ചുകൊണ്ടു പറഞ്ഞു നിറുത്തി.

ജനാലകളിലൂടെ അനുസരയില്ലാതെ ഇരച്ചുകയറിക്കൊണ്ടിരുന്ന കൃത്രിമ വെളിച്ചം അവളുടെ പിന്നിൽ നിലയുറപ്പിച്ചു. പിന്നിൽ നിന്നും നയിക്കുന്ന ആ അദൃശ്യവെളിച്ചത്തോടൊപ്പം അവൾ മുഖമില്ലാത്ത, മനസ്സില്ലാത്ത, വികാരങ്ങളില്ലാത്ത ഒരു മാംസപിണ്ഡം കണക്കെ മുന്നോട്ട് നടന്നു തുടങ്ങി.

(എന്റെ ഡയറിക്കുറിപ്പുകൾ - അനൂപ് ശിവശങ്കരപ്പിള്ള (20/02/2018) 

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി