സാന്റാ മരിയയിലെ അമ്മമാർക്കൊപ്പം ഒരു ഉച്ചയൂണ്
"ലഞ്ച് വിത്ത് ഏയ്ഞ്ചൽസ് '' എന്ന പ്രോഗ്രാമിന്റെ ഭാഗമായി സാന്റാ മരിയായിലെ അമ്മമാർക്കൊപ്പം ഉച്ചയൂണ് കഴിക്കാനുള്ള ഒരു പദ്ധതി കുറച്ച് മാസങ്ങൾക്ക് മുൻപ് തയ്യാറാക്കിയിരുന്നു. എന്നാൽ അന്ന് അമ്മമാർക്ക് ഉച്ചഭക്ഷണം നൽകാനുള്ള ആ പദ്ധതി നടപ്പായില്ല. പ്രോഗ്രാം നടക്കില്ല എന്ന് സാന്റാ മരിയയുടെ ചുമതലയുള്ള ജോസ് മരിയ സിസ്റ്ററോട് അന്ന് പറയേണ്ടി വന്നത് ഉള്ളിലൊരുപാട് കരഞ്ഞുകൊണ്ടായിരുന്നു.
അമ്മമാർക്ക് അന്നം നൽകാമെന്ന് വാക്കുനൽകിയിട്ട് ഒടുവിൽ പിൻവാങ്ങേണ്ടിവന്നതിലുള്ള മനോവിഷമം പിന്നീടുള്ള മാസങ്ങളിൽ വല്ലാതെ വേട്ടയാടി. ഒടുവിൽ കഴിഞ്ഞ മാസം ( ജൂലൈ) അമ്മമാർക്ക് ഉച്ചഭക്ഷണം നൽകാനുള്ള പണം സ്വരുകൂട്ടിയെങ്കിലും ബൈക്ക് ആക്സിഡന്റ് ഉണ്ടായതോടെ ആ തീരുമാനത്തിൽ നിന്നും താത്കാലികമായിട്ടെങ്കിലും പിന്നോക്കം പോകേണ്ടി വന്നു എനിക്ക്. പിന്നീട് കുറെ ദിനങ്ങൾ ചികിത്സയുടെ തിരക്കുകളും വിശ്രമവുമായി കടന്നുപോയി. തിരുവനന്തപുരം ജേർണലിസം ഇൻസ്റ്റൂട്ടിലെ പരിശീലനം തീരുന്നതിന് മുൻപ് അമ്മമാർക്ക് ഒരുനേരത്തെ അന്നം നൽകാൻ കഴിയുമോ എന്നുപോലും ഒരു ഘട്ടത്തിൽ സംശയിച്ചുപോയി ഞാൻ.
പക്ഷേ ഇന്നെനിക്കതിന് അവസരം ലഭിച്ചു, ഇന്നെനിക്ക് സാന്റാ മരിയായിലെ അമ്മമാർക്ക് ഉച്ചയൂണ് നൽകാനായി. അവർ വയർ നിറയെ ഉണ്ടു, വെളുത്ത തലമുടിയുള്ള ആ അമ്മമാലഖമാർ സന്തോഷത്തോടെ കറികൾകൂട്ടി ഊണ് കഴിച്ചു. അവരുടെ വയറു നിറഞ്ഞപ്പോൾ എന്റെ മനസ്സും നിറഞ്ഞു.
വളരെ നാളായി മനസ്സിനെ അലട്ടിയിരുന്ന ആ വലിയ വിഷമം ഇന്ന് എവിടെയോ പോയി മറഞ്ഞു. ജീവിതത്തിലെ യഥാർഥ സന്തോഷം പണ സമ്പാദനത്തിലോ പദവികളിലോ അല്ല, മറിച്ച് അത് ഇവിടെയാണ് മനസ്സുകൊണ്ടും ജീവിതാനുഭങ്ങൾകൊണ്ടും സമ്പന്നരായ അമ്മമാർക്കും സിസ്റ്റർമാർക്കുമൊപ്പമുള്ള ഈ നിമിഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം പ്രധാനം ചെയ്ത നിമിഷങ്ങൾ എന്നുകൂടി കൂട്ടിചേർത്തുകൊള്ളട്ടെ.
ജീവിതം ചെറുതാണ് പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും പരിഗണിക്കാനും മറക്കാതിരിക്കുക. എല്ലാവർക്കും നന്മകളുണ്ടാവട്ടെ.
------ അനൂപ് ശിവശങ്കര പിള്ള
Comments
Post a Comment