"ഇൻ ദി നെയിം ഓഫ് ഗോഡ്" ഒരു അവലോകനം

Ram ki nam documentary film poster

ആനന്ദ് പഡ്വർദ്ദൻ നിർമ്മിച്ച 1992- പുറത്തിറങ്ങിയ "റാം കീ നാം " എന്ന ഡോക്യുമെൻററി (In the name of god) ചർച്ച ചെയ്യുന്നത് അയോധ്യയെന്ന ഇന്ത്യൻ രാഷ്ട്രീയ- സാമൂഹിക വ്യവസ്ഥയെ പിടിച്ചുകുലുക്കിയ ഭൂമികയിൽ നടന്ന ബാബറി മസ്ജിദ് ആക്രമണത്തിന്റെ ഉള്ളറ രഹസ്യങ്ങളെക്കുറിച്ചാണ്. അയോധ്യയുടെയും അതിലൂടെ ഭാരതത്തിന്റെ മെത്തത്തിലുള്ള സാമൂഹിക സ്വച്ഛതയെ കേവലം രാഷ്ട്രീയ മുതലെടുപ്പുകൾക്കായി കാവി രാഷ്ട്രീയത്തിന്റെ വക്താക്കൾ എങ്ങനെയെക്കെ ഉപയോഗിക്കുന്നു എന്നതാണ് പഡ്വവർദ്ദൻ തന്റെ ഒരു മണിക്കൂർ പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിലൂടെ നമ്മൾക്ക് കാട്ടിത്തരുന്നത്.


1528 - മുഗൾ ഭരണാധികാരിയായിരുന്ന ബാബറുടെ ഉത്തരവ് പ്രകാരമാണ് ബാബറി മസ്ജിദ് സ്ഥാപിതമാവുന്നത്. വി.എച്ച്.പിയും ബി.ജെ.പിയും നേതൃത്വം നൽകിയ കർസേവകരാൽ 1992 ഡിസംബറിൽ മസ്ജിദ് തകർക്കപ്പെടുകയും ചെയ്തു. കേവലം രണ്ട് ലോക്സഭാ സീറ്റിൽ നിന്ന് 88- ലേക്ക് വളർന്ന ഭാവിയിൽ ഇന്ത്യ ഭരിക്കാനാഗ്രഹിക്കുന്ന കാവി രാഷ്ട്രീയത്തെ (Saffron politics) നമ്മൾക്ക് ഡോക്യുമെന്ററിയിലുടന്നീളം കാണാം. പഡ്വർദ്ദൻ കലാപത്തെ നേരിട്ടതും പ്രദേശവാസികളുമായ ജനങ്ങളുടെ വാക്കുകളിലൂടെയാണ് ബാബറി കലാപത്തെപ്പറ്റി ഡോക്യുമെന്ററിയിലൂടെ അറിവ് നൽകുന്നത്. എൽ. കെ. അഡ്വാനിയുടെ രഥയാത്ര കടന്നുപോകുന്ന വീഥിയിൽ ഇടയ്ക്ക് അവർ അവിടെ കൂടിയിരിക്കുന്ന ജനങ്ങളോട് സംവദിക്കുമ്പോൾ പഡ്വർദ്ദൻ പ്രസംഗം കേൾക്കാനല്ല മറിച്ച് നിരക്ഷരരായ കിടക്കാനിടമില്ലാത്ത കൈകുഞ്ഞുമായി നിൽക്കുന്ന സ്ത്രീയുടെ വാക്കുകൾക്ക് മുന്നിലാണ് പഡ്വവർദ്ദൻ തന്റെ ക്യാമറ തുറന്നുവയ്ക്കുന്നത്.

Anand Padwardhan

സ്ത്രീയുടെ വാക്കുകൾ ഇവയാണ് "തങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല", തങ്ങൾക്ക് കിടക്കാനിടമില്ല". ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാതെ അവയ്ക്ക് പരിഹാരമുണ്ടാക്കാതെ ശീതികരിച്ച രഥത്തിലിരുന്ന് നിങ്ങൾ ആരെയാണ് സേവിക്കുന്നത് നേതാക്കളെ എന്ന് അവിടെ കൂടി നിൽക്കുന്ന സ്ത്രീകളുടെ കണ്ണുകളിൽ നിന്നും അനായാസം നമ്മൾക്ക് വായ്ച്ചെടുക്കാം. യു.പി.യ്ക്ക് പുറത്ത് പറഞ്ഞ് കേൾക്കുന്നത് പോലെയല്ല അയോധ്യയിലെ കാര്യങ്ങൾ എന്ന് റാം കീ നാം കാട്ടിത്തരുന്നു. അയോധ്യയിൽ ഒരു രാമക്ഷേത്രവും പള്ളിയും മാത്രമല്ല ഉള്ളത്. അനേകമുണ്ട്, മാത്രമല്ല പുറത്ത് പറഞ്ഞു കേൾക്കും വണ്ണം അവിടുത്തെ സാധാരണക്കാരായ ഹിന്ദു - മുസ്ലീം വിഭാഗങ്ങൾ തമ്മിൽ തർക്കങ്ങളില്ല മറിച്ച് നല്ല സ്നേഹവും സഹവർത്തിത്വവുമാണ്.
ഇവിടെ എല്ലാ അക്രമവും നടത്തിയത് പുറത്തുനിന്നുള്ളവരാണ് എന്ന് പറയുന്നത് തദ്ദേശീയരായ ഗ്രാമീണർ തന്നെയാണ്. പക്ഷേ, കലാപം തുടങ്ങിയതോടെ തങ്ങൾ ഇരയാക്കപ്പെട്ടു എന്നും അവർ കൂട്ടിച്ചേർക്കുന്നു. കലാപത്തിലൂടെ ഗുണമുണ്ടാവുക സംഘപരിവാർ ചേരിക്ക് മാത്രമെന്നും പറയുന്നത് ഇതേ സാധാരണ യു.പി.ക്കാരൻ തന്നെ. അത് ഭാവിയിൽ അങ്ങനെതന്നെയായിത്തീരുകയും ചെയ്തു.

babari masjid

സംഘപരിവാർ വിദേശ ഫണ്ടുകളടക്കം പിരിച്ച് രാമക്ഷേത്ര നിർമ്മാണം എന്ന വലിയ പ്രചാരണ കോലാഹലമഴിച്ചുവിട്ട് തങ്ങളുടെ രാഷ്ട്രീയ മണ്ഡലം വളർത്തി വലുതാക്കി ഇന്ന് ഇന്ത്യ ഭരിക്കുന്നു. ഡോക്യുമെൻററിയിൽ ബാബറി വിഷയത്തിന്റെ രാഷ്ട്രീയം പറയുന്ന .ബി. ബർദാന്റെ പ്രസംഗ ശകലം വരാൻ പോകുന്ന വർഗീയ ദ്രുവീകരണത്തിന്റെ സൂചന നൽകുന്നുണ്ട്. കലാപത്തിൽ ചോരവാർന്ന് ഒരു ജനത മരിച്ചുവീണപ്പോൾ തങ്ങളുടെ അണികളോട് അവ ചെയ്യാൻ പറഞ്ഞ രാഷ്ട്രീയ പ്രമാണിമാർ അന്നും ഇന്നും എയർ കണ്ടീഷൻഡ് റൂമിലിരുന്ന് ഭരണ ചേങ്കോലേന്തി രാജ്യത്തെ മനസാക്ഷിക്കുത്തില്ലാതെ ഭരിച്ച് രസിക്കുന്നു. മുരളി മനോഹർ ജോഷിയേയും അഡ്വാനിയേയും വിചാരണ ചെയ്യാൻ പോലും ഇപ്പോൾ മാത്രമാണ് ഉത്തരവിടാനായത്. ഇന്നും രാജ്യം മുഴുവനും ഉപയോഗിക്കാവുന്ന ഒരു രാഷ്ട്രീയ തുറുപ്പ് ചീട്ടാണ് സംഘപരിവാർ ശക്തികൾക്ക് ബാബറി മസ്ജിദ്. ആനന്ദ് പഡ്വവർദ്ദൻ  തന്റെ ഡോക്യുമെന്ററിയിലൂടെ ബാബറി മസ്ജിദ് ഒരു പ്രതീകമായി രാജ്യത്തിന് മുൻപിൽ വയ്ക്കുന്നു, ഒരു രാജ്യം എങ്ങനെയെക്കെ ആയിക്കൂടാ എന്നതിന്റെ പ്രതീകം.

------------- അനൂപ് ശിവശങ്കരപ്പിള്ള 



Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി